ambadi
Would you like to react to this message? Create an account in a few clicks or log in to continue.

വയറിന് വേണ്ടി

Go down

വയറിന് വേണ്ടി Empty വയറിന് വേണ്ടി

Post by Ambadi Fri Jan 08, 2016 10:55 pm

തിന്നിട്ടും തിന്നിട്ടും മതി വരുന്നില്ല…

ഈ വയറിന്റെ ഒരു കാര്യം; എല്ലാം ഒരു ചാണ്‍ വയറിന് വേണ്ടിയാണ് എന്നൊക്കെയാണ് പറച്ചില്‍ .പക്ഷേ , പലപ്പോഴും ഒരു ചാണ്‍ എന്നത് ഒരു ചാക്ക് വയറായിപ്പോകും.

അതേ പലവട്ടം പറഞ്ഞതാണ്, വയറഴകിന്റെ കാര്യം. ആറുകട്ട മസിലും എട്ടുകട്ട മസിലുമൊന്നുമില്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയര്‍, നല്ല സ്വപ്നം. പക്ഷേ വറുത്തതും പൊരിച്ചതും കുഴച്ചതുമൊക്കെ കാണുമ്പോള്‍ എല്ലാം അങ്ങ് മറന്നുപോകും. വായില്‍ കപ്പലോടുന്ന വെള്ളം നിറയാതിരിക്കാന്‍ കിട്ടുമ്പോഴൊക്കെ ‘നോ’ എന്ന് പറയാതെ വാരിവലിച്ചങ്ങ് തിന്നും. പിന്നെ തള്ളിയവയറും താങ്ങിപ്പിടിച്ച് നടക്കാനും ഓടാനും പോകും. ഇതൊന്നു കുറഞ്ഞു കിട്ടണമല്ലോ? എന്തുചെയ്യാം, ഒന്നൊതുങ്ങി വരുമ്പോഴേക്കും പിന്നെയും തീറ്റ തുടങ്ങും. തിന്നണ്ട എന്നൊന്നും പറയുന്നില്ല. ഈ തീറ്റയെടുപ്പില്‍ അല്പം സെലക്ഷന്‍ കൊണ്ടുവന്നാലോ? വയറിനു വേണ്ടി നമുക്ക് അല്പം സെലക്ടീവാകാം.ആദ്യം വയറൊതുക്കാന്‍ പറ്റിയ വളരെ രുചികരമായ 10 കൂട്ടം ആഹാരസാധനങ്ങളില്‍ നിന്ന് തുടങ്ങാം.വയറിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങള്‍ക്കൊപ്പം ആഹാര നിയന്ത്രണവും തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങളുമാകുമ്പോള്‍ ഇരട്ടിഫലം ഉറപ്പ്.

  • ബദാം


പണക്കാരന്റെ പരിപ്പ് എന്ന പേരുദോഷം തീര്‍ത്ത് ഇപ്പോള്‍ ഏതൊരാള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നായി ബദാം മാറിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, നാരുകള്‍, വൈറ്റമിന്‍-ഇഎന്നിവകൊണ്ട് സമ്പുഷ്ടമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്ന, പേശികള്‍ക്ക് കരുത്ത് നല്‍കുന്ന മൂലകമായ മഗ്‌നീഷ്യവും ബദാംപരിപ്പില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കപ്പെട്ടാല്‍ തന്നെ ആഹാരത്തോടുള്ള ആര്‍ത്തിയും വാരിവലിച്ചുള്ള തീറ്റയും അതുവഴിയുണ്ടാകുന്ന അമിതവണ്ണവും കുറയും. ഇതിനൊക്കെ പുറമേ ബദാം പരിപ്പിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനെ ചെറുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ദിവസം 30 ഗ്രാം ബദാംപരിപ്പ് (ഏകദേശം 23 എണ്ണം) ശീലമാക്കൂ.ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം. അപ്പോള്‍ ഇന്നു മുതല്‍ ബദാം പരിപ്പ് സിന്ദാബാദ്. (ബദാം അരച്ച് പാലില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്നും പറയുന്നുണ്ട്)

  • മുട്ട

ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും മികച്ച സമീകൃതാഹാരം. എന്നുവെച്ചാല്‍ ഒരു മനുഷ്യശരീരത്തിനാവശ്യമായ എല്ലാ മൂലകങ്ങളും പ്രകൃതി ഉരുട്ടിയെടുത്ത് അടച്ചുവെച്ചതാണ് മുട്ട. പേശികള്‍ മുതല്‍ തലച്ചോറിനുവരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രോട്ടീന്‍, അമിനോ ആസിഡ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് ഇത്തിരിപ്പോരം വരുന്ന ഒരു മുട്ട. രാവിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാള്‍ വിശപ്പ് കുറവായിരിക്കും മുട്ട ഉള്‍പ്പെടുന്ന കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്ന് പഠനങ്ങള്‍ പറയുന്നു. വിദേശികള്‍ രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളവും ഒരു മുട്ട പുഴുങ്ങിയതുമാണ് ബ്രേക്ക് ഫാസ്റ്റായി കഴിക്കുന്നത്. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എങ്കില്‍ മുട്ട അധികം കഴിക്കേണ്ട. കാരണം ഒരു മുട്ടയില്‍ 213 മി. ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.

  • ആപ്പിള്‍


An apple a day keeps the doctor away എന്നാണ് ചൊല്ല് .അമിത വണ്ണം കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. ഒരു ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ്. ആപ്പിള്‍ കഴിക്കുമ്പോള്‍ വിശപ്പ് മാറും, ജലാംശം കൂടുതലായതിനാല്‍ അമിതവണ്ണവും വരില്ല. ദിവസം മൂന്ന് ആപ്പിള്‍ എങ്കിലും കഴിക്കുന്നവരുടെ വണ്ണം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കുറയും.മാത്രമല്ല ചില അര്‍ബുദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ക്യൂയര്‍സെറ്റീന്‍ എന്ന പദാര്‍ഥം ആപ്പിളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ശ്വാസകോശങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ആപ്പിളിന് കഴിവുണ്ട്

  • തൈര്


ചാടിയ കുടവയറിനെ ഒതുക്കാന്‍ പറ്റിയ ഭക്ഷണങ്ങളില്‍ പരമപ്രധാനമാണ് തൈര്, കാത്സ്യത്തിന്റെ നിറകുടം. തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയ ദഹന പ്രക്രിയ സുഗമമാക്കും. മലബന്ധം, അജീര്‍ണം, ഗ്യാസ്ട്രബിള്‍ തുടങ്ങിയ സാധാരണയായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീര്‍ത്തിരിക്കുന്ന വയറിനെ ചുരുക്കാന്‍ അത്യുത്തമമാണ് തൈര്. കൊഴുപ്പ് നീക്കിയ തൈര് ദിവസം മൂന്ന് കപ്പെങ്കിലും കഴിക്കുക.

  • മീന്‍


നോണ്‍ – വെജിറ്റേറിയന്‍ ന്മാര്‍ക്കും സന്തോഷിക്കാം. ചാള, മത്തി, അയല, ട്യൂണ തുടങ്ങിയ മീനുകള്‍ ഒമേഗ-3-ഫാറ്റി ആസിഡിന്റെ മൊത്തക്കച്ചവടക്കാരാണ്. ഈ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയാനും ഉചാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും ഉപകരിക്കും. ഈ മത്സ്യങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസ്-ഇന്‍സുലിന്‍ ബന്ധത്തില്‍ ആരോഗ്യപരമായ മാറ്റമുണ്ടെന്ന് ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന കടല്‍മത്സ്യങ്ങളിലെ ചില ഘടകങ്ങള്‍ ദഹനപ്രക്രിയയെ നിയന്ത്രിക്കുകയും ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും ചെയ്യുന്നതായി പറയുന്നുണ്ട്.

  • ചോളം


അരി, ഗോതമ്പ് തുടങ്ങി ശരീരം വണ്ണംവെക്കുന്നതിനുകാരണമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണത്തിനുപകരം പ്രോട്ടീനും വൈറ്റമിന്‍ ബിയും മൂലകങ്ങളും കൂടുതലായടങ്ങിയിട്ടുള്ള ചോളം ഉള്‍പ്പെടുത്താവുന്നതാണ്. പ്രഭാതഭക്ഷണത്തില്‍ അരിയാഹാരത്തെ മാറ്റി ചോളംകൊണ്ടുള്ള റൊട്ടി, ഉപ്പു മാവ് എന്നിവ ഉണ്ടാക്കി കഴിക്കാം. ചോളമാകുമ്പോള്‍ അധികം കഴിക്കാതെ തന്നെ വയര്‍ നിറയുകയും ചെയ്യും.

  • പച്ചിലക്കറികള്‍


കാത്സ്യസമ്പുഷ്ടമാണ് പച്ചിലക്കറികള്‍. ഒരു കപ്പ് ബ്രോക്കോളി കഴിച്ചാല്‍ (കോളീഫ്ലവര്‍ ഇനം) ഒരു ദിവസം ശരീരത്തിനാവശ്യമായ നാരുകളുടെ 20 ശതമാനം ലഭിക്കും. അര്‍ബുദത്തെ ചെറുക്കുന്ന കരോട്ടിനോയിഡ്‌സ് എന്ന പദാര്‍ഥവും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. കോളീഫ്ലവര്‍, ചീര, മുട്ടക്കോസ്, ബ്രോക്കോളി തുടങ്ങിയ ഇലവര്‍ഗങ്ങള്‍ ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.

  • സ്‌ട്രോബെറി & മൾബറി

ഏറ്റവും കൂടുതല്‍ നാരുകളടങ്ങിയ പഴങ്ങളാണ് ബെറീസ് കുടുംബത്തിലേത്. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. നമ്മള്‍ കഴിക്കുന്ന മറ്റ് ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് നല്ലൊരു ഭാഗം നാരുകള്‍ ആഗിരണം ചെയ്യുകയും പൂര്‍ണമായും ദഹിച്ച് ശരീരത്തോട് ചേരും മുമ്പ് തന്നെ അവയെ വിസര്‍ജ്യങ്ങളിലൂടെ പുറത്ത് കളയുകയും ചെയ്യും. ഇത് മൂലം മറ്റ് ഭക്ഷണം കൂടുതല്‍ ശരീരത്തിലെത്തിയാലും അവ അടിഞ്ഞുകൂടി അമിത വണ്ണത്തിന് കാരണമാകുമെന്ന പേടി വേണ്ട. ബെറിപ്പഴങ്ങള്‍ നല്ല ആന്റീ ഓക്‌സിഡന്റുകള്‍ കൂടിയാണ്. അര്‍ബുദരോഗത്തെ ചെറുക്കും. രക്തയോട്ടം സുഗമമാക്കും, പേശീതന്തുക്കളുടെ പ്രവര്‍ത്തനം ആയാസരഹിതമാക്കും. അങ്ങനെ ഒട്ടനവധി ഗുണങ്ങളാണ് ബെറിപ്പഴങ്ങള്‍ക്കുള്ളത്.

  • വെജിറ്റബിള്‍ സൂപ്പ്


സാധാരണഗതിയില്‍ സാമ്പാറിനെയാണ് നമ്മള്‍ വെജിറ്റബിള്‍ സൂപ്പ് എന്ന് പറയുന്നത്. സാമ്പാറും വെജിറ്റബിള്‍ സൂപ്പാണ്.പക്ഷേ, കായവും സാമ്പാര്‍പൊടിയും ഉരുളക്കിഴങ്ങുമൊന്നുമിടാതെ പച്ചക്കറികളായ വെണ്ടയ്ക്ക, തക്കാളി, കാരറ്റ്, ബീന്‍സ് തുടങ്ങിയ സാധനങ്ങളൊക്കെ വെള്ളം കുറച്ചു പുഴുങ്ങി ആവശ്യത്തിന് ഉപ്പും മുളകുപൊടിയുമൊക്കെയിട്ട് (അല്പം കുരുമുളക് കൂടിയുണ്ടെങ്കില്‍ നന്നായി) സൂപ്പാക്കി കഴിക്കുക. ഇത്തരം സൂപ്പ് ചോറുണ്ണുന്നതിന് മുമ്പ് കഴിക്കണം. വെജിറ്റബിള്‍ സൂപ്പ് കഴിക്കുമ്പോള്‍തന്നെ വയര്‍ നിറയുമെന്നതിനാല്‍ മറ്റ് ആഹാരം കുറയും. അമിതവണ്ണം ഇല്ലാ താകും.

  • പയറുവര്‍ഗങ്ങള്‍

ആരോഗ്യത്തോടെ നല്ല പയറു പോലെ നടക്കണമെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍ ആഹാരശീലമാക്കുക. പ്രോട്ടീന്റെയും ആന്റി ഓക്‌സിഡന്റിന്റെയും നിറകുടങ്ങളാണ് പയര്‍, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, ബീന്‍സ് തുടങ്ങി പയര്‍ കുടുംബത്തിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളെയും നമുക്ക് ഭക്ഷിക്കാം. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ തലേ ദിവസം രാത്രി വെള്ളത്തിലിട്ട് മുളപ്പിച്ച കടല രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്.


ഒഴിവാക്കേണ്ടവ

ഇതത്രയും വയര്‍ കുറയ്ക്കാന്‍വേണ്ടി കഴിക്കാന്‍ കൊള്ളാവുന്ന ആഹാരങ്ങളാണ്.അതുപോലെ തന്നെ വയര്‍ കുറയ്ക്കാന്‍വേണ്ടി ഒഴിവാക്കേണ്ട ആഹാരങ്ങളുമുണ്ട്.പൊറോട്ട,മാട്ടിറച്ചി (ബീഫ്), പന്നിയിറച്ചി, എണ്ണപ്പലഹാരങ്ങള്‍, ഉരുളക്കിഴങ്ങ്, കാര്‍ബണേറ്റഡ് ഡ്രിങ്‌സ് തുടങ്ങി ഒട്ടുമിക്ക പുത്തന്‍പുതുഭക്ഷണങ്ങളും ആറുകട്ട മസില്‍ വയറിന്റെ ശത്രുക്കളാണ്. അതുകൊണ്ട് വയറിനുള്ള വര്‍ക്ക്ഔട്ടിന് പുറമേ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.

Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum