ഇന്ത്യൻ സൈന്യം

Go down

ഇന്ത്യൻ സൈന്യം

Post by ParthaN on Tue Oct 25, 2016 1:48 pm

രവീന്ദര്‍ കൗശിക്ക്രവീന്ദര്‍ കൗശിക്ക് എന്ന നബി അഹമ്മദ് ഷാക്കിര്‍: പാക് സൈന്യത്തില്‍ മേജറായി മാറിയ ഇന്ത്യന്‍ ചാരന്‍.

ഒരു സിനിമ, ഒരു പുസ്തം. ഇവയില്ലായിരുന്നെങ്കില്‍, ആരുമറിയാതെ പോവുമായിരുന്നു ആ മഹാത്യാഗം. പാക് സൈന്യത്തില്‍ നുഴഞ്ഞു കയറി ഉന്നത പദവിയില്‍ എത്തി അതീവരഹസ്യമായ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയ 'ബ്ലാക്ക് ടൈഗര്‍' എന്ന് വിളിപ്പേരുണ്ടായിരുന്ന ഒരു ഇന്ത്യന്‍ ചാരന്റെ ത്രസിപ്പിക്കുന്ന കഥ. പിടിക്കപ്പെട്ട ശേഷം നീണ്ട വര്‍ഷങ്ങള്‍ കൊടും പീഡനങ്ങള്‍ അനുഭവിച്ച ശേഷം മരണത്തിലേക്ക് രക്ഷപ്പെട്ട രവീന്ദര്‍ കൗശിക്ക് എന്ന യാഥാര്‍ത്ഥ ഇന്ത്യന്‍ പോരാളിയുടെ കഥ പുറത്തറിഞ്ഞത് ഒരു സിനിമയിലൂടെയും ഒരു പുസ്തകത്തിലൂടെയുമായിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായ എക് താ ടൈഗര്‍ എന്ന സിനിമ. ഇന്ത്യന്‍ ചാര സംഘടനയായ റോയുടെ മുന്‍ ജോയിന്റ് ഡയരക്ടര്‍ മലോയ് കൃഷ്ണ ധര്‍ എഴുതിയ മിഷന്‍ റ്റു പാക്കിസ്താന്‍: ഏന്‍ ഇന്റലിജന്‍സ് ഏജന്റ് എന്ന പുസ്തകം. ആ പുസ്തകം പറഞ്ഞത് രവീന്ദര്‍ കൗശിക്കിന്റെ കഥ ആയിരുന്നുവെങ്കിലും ആ പേര് അതില്‍ വെളിപ്പെടുത്തിയിരുന്നില്ല. വെറുമൊരു സിനിമാക്കഥയാക്കി ആ ജീവിതത്തെ വില കുറച്ചെങ്കിലും സിനിമ വന്നതോടെയാണ് കൗശിക്കിന്റെ പേര് പുറത്തറിഞ്ഞത്. സത്യത്തില്‍, സിനിമയില്‍ ആ പേര് ഉപയോഗിച്ചില്ലെങ്കിലും സിനിമക്കാധാരമായ ജീവിതം എന്ന നിലയില്‍ ചില മാധ്യമങ്ങള്‍ ആ ജീവിതം പകര്‍ത്തി പുറത്തുവിടുകയായിരുന്നു. സിനിമയെ തോല്‍പ്പിക്കുന്ന അസാധാരണമായ ആ ജീവിതത്തെ അടുത്തറിയുമ്പോള്‍ ഇപ്പോഴും നമ്മള്‍ അന്തം വിടും.

ഒരു ദിവസം, ഒരു ജോലി കിട്ടുന്നു
---------------------------------------------------
രാജസ്ഥാനിലെ ശ്രീഗംഗാ നഗറില്‍ സാധാരണ കുടുംബത്തില്‍ ജനനം. പഠന കാലയളവില്‍ തന്നെ നാടക രംഗത്ത് ശ്രദ്ധേയനായി. മികച്ച അഭിനേതാവായിരുന്നു രവീന്ദര്‍ കൗശിക്ക്. ലക്‌നോയില്‍ നടന്ന ദേശീയ നാടക മല്‍സരത്തിനിടെയാണ് കൗശിക്കിനെ റോ കണ്ടെത്തിയത്. തികഞ്ഞ ദേശസ്‌നേഹി ആയിരുന്ന കൗശിക്ക് രാജ്യത്തിനു വേണ്ടി അത്യന്തം അപകടകരമായ ആ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നു.

ജോലി ഇതായിരുന്നു: ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് പാക്കിസ്താനില്‍ പോവുക. അവിടെ പഠിക്കുക. അവിടെ നിന്ന് വിവാഹം കഴിക്കുക. പാക് സൈന്യത്തില്‍ ജോലി നേടുക. അവിടെ നിന്നുള്ള വിവരങ്ങള്‍ ഇന്ത്യയ്ക്ക് എത്തിക്കുക.

പാക് സൈന്യത്തിലേക്ക്
-----------------------------------
23ാം വയസ്സില്‍ കൗശിക്ക് ആ ദൗത്യം സ്വീകരിച്ചു. യാത്രക്ക് മുന്നോടിയായി ദില്ലിയില്‍ രണ്ട് വര്‍ഷം കഠിനമായ പരിശീലനം. പിന്നീട് മതം മാറ്റം. നബി അഹമ്മദ് ഷാക്കിര്‍ എന്ന പേര് സ്വീകരിച്ചു, സുന്നത്ത് ചെയ്തു. ഉര്‍ദു പഠിച്ചു. മതപഠനവും നടത്തി. പാക്കിസ്താന്റെ ഭൂ പ്രകൃതിയെയും സംസ്‌കാരത്തെയും കുറിച്ച് ആഴത്തില്‍ പഠിച്ചു. പിന്നീട്, 1975ല്‍ പാക്കിസ്താനിലേക്ക് പോയി. വൈകാതെ കൗശിക്ക് കറാച്ചി സര്‍വകലാശാലയില്‍ നിയമ ബിരുദത്തിന് ചേര്‍ന്നു. മികച്ച നിലയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം പാക് സൈന്യത്തില്‍ കമീഷന്‍ഡ് ഓഫീസറായി ചേര്‍ന്നു. അതിവേഗം സൈന്യത്തില്‍ ശ്രദ്ധേയനായ കൗശിക്കിന് മേജര്‍ പദവി ലഭിച്ചു. അതിനിടെ, പാക് കുടുംബത്തില്‍നിന്ന് വിവാഹം കഴിച്ചു. അപ്പോഴും മുറ തെറ്റാതെ സ്വന്തം വീട്ടിലേക്ക് കത്തുകള്‍ അയച്ചു.

ഇന്ത്യയ്ക്ക് ലഭിച്ച ആ വിവരങ്ങള്‍
----------------------------------------------------
1979 മുതല്‍ 1983 വരെ സൈന്യത്തില്‍ പ്രവര്‍ത്തിച്ച കൗശിക്ക് അതീവ നിര്‍ണായകമായ വിവരങ്ങളാണ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നത്. ഇന്ത്യന്‍ സൈന മുന്നേറ്റത്തിന് ഏറ്റവും സഹായകരമായ അനേകം വിവരങ്ങള്‍ അതിലുള്‍പ്പെടുന്നു. പാക് സൈന്യത്തിന്റെ തന്ത്രങ്ങള്‍ മുന്‍ കൂട്ടി അറിഞ്ഞത് ഇന്ത്യയ്ക്ക് മുന്‍കൈ ലഭിക്കാന്‍ സഹായകമായി. രാജസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാക് സൈന്യം നടത്തിയ ശ്രമങ്ങളെല്ലാം ഇന്ത്യ പരാജയപ്പെടുത്തിയത് കൗശിക്ക് നല്‍കിയ വിവരങ്ങള്‍ വഴിയായിരുന്നു. ശത്രുപാളയത്തില്‍ കടന്നു കയറി അതീവ രഹസ്യ വിവരങ്ങള്‍ കൈമാറുന്ന ആ ചങ്കൂറ്റം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി കൗശിക്കിന് നല്‍കിയ പേര് അതിന് തെളിവായിരുന്നു: ബ്ലാക്ക് ടൈഗര്‍.

കൊടും പീഡനങ്ങളുടെ കാലം
---------------------------------------------
എല്ലാം തകര്‍ന്നത് 1983ലായിരുന്നു. കൗശിക്കുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ഇന്ത്യ ഒരു ചാരനെ കൂടി പാക്കിസ്താനിലേക്ക് അയച്ചു. ഇനായത്ത് മസിഹ എന്നായിരുന്നു അയാളുടെ പേര്. ഇനായത്ത് പാക് ചാരന്‍മാരുടെ വലയില്‍ കുടുങ്ങി. കൗശിക്കിന്റെ യഥാര്‍ത്ഥ മുഖം പാക് സൈന്യം അറിഞ്ഞു. വൈകിയില്ല, അവര്‍ കൗശിക്കിനെ പിടികൂടി. രണ്ട് വര്‍ഷത്തോളം സിലിക്കോട്ടിലെ രഹസ്യ താവളത്തില്‍ അദ്ദേഹത്തെ അവര്‍ കഠിനമായി ചോദ്യം ചെയ്തു. ഒരു വിവരവും കിട്ടാതായപ്പോള്‍ കൊടും പീഡനങ്ങള്‍ക്ക് ഇരയാക്കി. കൗശിക്കിന്റെ പുരികങ്ങള്‍ പാക് സൈന്യം മുറിച്ചെടുത്തു. ഉറങ്ങാതിരിക്കാനായിരുന്നു ഇത്. രഹസ്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചു. കാതുകളില്‍ ഇരുമ്പു ദണ്ഡ് ചൂടാക്കി കുത്തിയിറക്കി. 16 വര്‍ഷം സിലിക്കോട്ട്, കോട് ലാക്പത്, മയാന്‍ വാലി എന്നിങ്ങനെ പല ജയിലുകളില്‍ മാറി മാറി താമസിപ്പിച്ചു. കഠിനമായ പീഡനങ്ങള്‍ക്കിടെ, കൗശിക്കിന് ആസ്തമയും ക്ഷയരോഗവും പിടിപെട്ടു. 18 വര്‍ഷത്തെ പീഡനങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ മരണം രക്ഷിച്ചു.

ഇന്ത്യ കൗശിക്കിനോട് ചെയ്തത്
------------------------------------------------
കൗശിക്ക് ആരാണെന്ന് വെളിപ്പെടുത്താന്‍ ഇന്ത്യ ഒരിക്കലും തയ്യാറായില്ല. എങ്കിലും, അദ്ദേഹത്തിന്റെ കുടുംബത്തിന് മാസം 500 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചു. പിന്നീടിത് 2006ല്‍ അമ്മ അമലാദേവി മരിക്കുന്നത് വരെ രണ്ടായിരമാക്കി വര്‍ദ്ധിപ്പിച്ചു. ഇതല്ലാതെ, ഇന്ത്യയ്ക്കു വേണ്ടി ജീവന്‍ നല്‍കിയ ആ പോരാളിക്കു വേണ്ടി മറ്റൊന്നും ചെയ്യാന്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ തയ്യാറായില്ല. ചാരവൃത്തി സമ്മതിക്കുന്നതിലുള്ള നിയമപ്രശ്‌നങ്ങളായിരുന്നു പ്രധാന കാരണം.

ജയിലിലുള്ളപ്പോഴും അദ്ദേഹം കുടുംബത്തിന് സ്വന്തം അവസ്ഥകള്‍ വിവരിച്ച് കത്തുകള്‍ എഴുതിയിരുന്നു. അങ്ങിനെയൊരു കത്തില്‍ അദ്ദേഹം എഴുതി-അമേരിക്കക്കാരനായിരുന്നു ഞാനെങ്കില്‍, മൂന്നാം ദിവസം ജയിലില്‍നിന്ന് മോചിതനായേനെ. ഞാന്‍ ഇന്ത്യക്കാരനായിപ്പോയി.
avatar
ParthaN
Administrator
Administrator

Posts : 77
Join date : 2010-11-13
Age : 32

View user profile

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum