ആയുര്‍വേദം

Go down

ആയുര്‍വേദം

Post by Ambadi on Fri Jan 08, 2016 10:44 pm

കുഞ്ഞുങ്ങള്‍ക്ക് ആയുര്‍വേദം

മഴക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വരുന്ന രോഗങ്ങള്‍ ചെറുക്കാന്‍ പല വഴികളുണ്ട്...

കുഞ്ഞുങ്ങള്‍ക്ക് അസുഖം വന്നാല്‍ വള്ളുവനാട്ടിലൊരു ചൊല്ലുണ്ട്, 'ദൈവംപാതി, നായര് പാതി' എന്നാണ് ഇവിടെയുള്ളവര്‍ പറയുക. രോഗങ്ങള്‍ ചാത്തര്‌നായര് വൈദ്യന്മാര്‍ ഭേദമാക്കുന്നു എന്നാണ് നൂറ്റാണ്ടുകളായുള്ള വിശ്വാസം. ഇതുതന്നെയാണ് ചികിത്സയിലെ വിജയരഹസ്യമെന്ന് 60 വര്‍ഷമായി ബാലചികിത്സാ രംഗത്തുള്ള ചാത്തര് നായര് സ്മാരക വൈദ്യശാലയിലെ ചീഫ് ഫിസിഷ്യന്‍ എം. ഗംഗാധരന്‍ വൈദ്യര്‍ പറയുന്നു.

''ഗര്‍ഭിണികളുടെ ആഹാരവും മരുന്നുമാണ് കുഞ്ഞിന്റെ ആരോഗ്യം നിര്‍ണയിക്കുന്നത്. ഈ രണ്ടുകാര്യങ്ങളിലുമുള്ള അമ്മയുടെ കരുതല്‍ ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്ക് രോഗം വരാതിരിക്കാന്‍ സഹായിക്കും''- ഗംഗാധരന്‍ വൈദ്യര്‍ നിര്‍ദ്ദേശിക്കുന്നു. ഗര്‍ഭിണികള്‍ പഥ്യാഹാരം ശീലിക്കണം. തീക്ഷ്ണവും ഉഷ്ണവുമായ ഭക്ഷണങ്ങള്‍ (എരിവുള്ളതും ചൂടുള്ളതും) പാടില്ല. ഇറച്ചിയും മുട്ടയും മീനുമൊന്നും അധികം കഴിച്ചില്ലെങ്കിലും പ്രശ്‌നമില്ല. ഇലക്കറികള്‍ പ്രത്യേകിച്ച് ചീര ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തണം.

പാല്‍ കുടിക്കുന്നത് ശീലമാക്കാം. കുറുന്തോട്ടി വേരിട്ട് തിളപ്പിച്ച പാല്‍ ഗര്‍ഭകാലത്ത് നല്ലതാണ്. മഹാകല്യാണഘൃതം, മഞ്ചിഷ്ടാദിഘൃതം എന്നിവയും കഴിക്കണം. മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭം അലസിപ്പോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ മരുന്നുകള്‍ സഹായിക്കും. മഹാകല്യാണഘൃതം കഴിക്കുന്നത് കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിവൈകല്യങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ഗര്‍ഭിണികളുള്ള വീട്ടിലെ അന്തരീക്ഷം ശാന്തമാവണമെന്ന് ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നുണ്ട്. ഗര്‍ഭിണികളെ എപ്പോഴും സന്തോഷിപ്പിക്കണം. അവരോട് നല്ല വാക്കുകള്‍ പറയണം. ദുഃഖവാര്‍ത്തകളൊന്നും അറിയിക്കരുത്.

ജനിച്ച ഉടന്‍ ചികിത്സ

കുഞ്ഞ് ജനിച്ച ഉടന്‍ പ്രതിരോധ ചികിത്സ തുടങ്ങണമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. നിലംപരണ്ട നീരില്‍ വയമ്പ് അരച്ച് മൂന്നു തുള്ളി കുഞ്ഞിന്റെ മൂര്‍ധാവില്‍ ഉറ്റിക്കുക. ഇത് മൂന്നു ദിവസം തുടരണം. പ്രസവക്ലേശത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇതുവഴി പരിഹരിക്കാം. അതേപോലെ വാത-പിത്ത-കഫ ദോഷങ്ങളും അകറ്റിനിര്‍ത്തും. നവജാതശിശുവിനെ കുളിപ്പിക്കാന്‍ തുടങ്ങുന്ന സമയത്ത് തേന്‍, നെയ്യ്, സ്വര്‍ണം എന്നിവ നെല്ലിക്കയിലരച്ചുപുരട്ടുന്നത് പേശികള്‍ക്ക് കരുത്തുണ്ടാക്കാന്‍ സഹായിക്കും. സ്വര്‍ണധാതു ശരീരത്തിലെത്തുന്നത് സെറിബ്രല്‍ പാള്‍സിപോലുള്ള രോഗങ്ങളെ തടഞ്ഞുനിര്‍ത്തും.

ബുദ്ധിവൈകൃതങ്ങള്‍, അപസ്മാരപ്രശ്‌നങ്ങള്‍ എന്നിവ വരാതിരിക്കാനും മരുന്നുണ്ട്. വയമ്പ്, രുദ്രാക്ഷം, ചിറ്റേരി എന്നിവ അരച്ച് നെല്ലിക്ക നീരില്‍ കൊടുത്താല്‍ മതി. ബുദ്ധി വളര്‍ച്ചയ്ക്ക് ബ്രഹ്മീഘൃതം, സാരസ്വതം നെയ്യ് എന്നിവ നല്ലതാണ്. സാരസ്വതം നെയ്യ് ദിവസവും നല്‍കുന്നത് കാന്തി, ആയുര്‍ബലം, വിശപ്പ്, ഓര്‍മശക്തി എന്നിവ വര്‍ധിപ്പിക്കും.


മഴക്കാലം രോഗകാലം

മഴക്കാലത്ത് കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ ഏറെ ശ്രദ്ധ വേണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കണം. ഇറച്ചി, മീന്‍ ഉപയോഗം കുറയ്ക്കുക. സൂപ്പുകള്‍ കഴിക്കാം. ആട് സൂപ്പ്, കോഴിസൂപ്പ് എന്നിവയൊക്കെ നല്ലതാണ്. പക്ഷേ, അളവ് കുറച്ചുമതി. ദിവസം രണ്ടു സ്​പൂണ്‍ വീതം സൂപ്പ് കൊടുക്കാം.

തുളസിയിലയിട്ട വെള്ളംകൊണ്ട് ആവിപിടിച്ചാല്‍ വര്‍ഷകാലത്തെ പല രോഗങ്ങളും അകറ്റിനിര്‍ത്താം. ഒരു സ്​പൂണ്‍ തുളസിനീര് ദിവസം രണ്ടുനേരം കൊടുക്കുന്നതും നല്ലതാണ്. അല്പം മുതിര്‍ന്ന കുട്ടികള്‍ക്ക് നവരയരികൊണ്ട് കഞ്ഞിവെച്ചുകൊടുക്കാം. രോഗങ്ങള്‍ വരാതിരിക്കാന്‍ ഇതുമൊരു മുന്‍കരുതലാണ്.

രോഗം വന്നാല്‍

മഴക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വരുന്ന മിക്ക രോഗങ്ങള്‍ക്കും വീട്ടില്‍ത്തന്നെ ചികിത്സയുണ്ട്.

പനി: പനി വന്നാല്‍ ഷഡാംഗം കഷായം കൊടുക്കാം. ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവയിട്ടാണ് കഷായം തയ്യാറാക്കേണ്ടത്. ഈ മരുന്നുകള്‍ ഇട്ട് തിളപ്പിച്ച വെള്ളം ധാരാളം കുടിച്ചാലും മതി. ഒരു തുടം മരുന്നിന് നാല് നാഴി വെള്ളമൊഴിച്ച് തിളപ്പിക്കണം. തുളസിനീരില്‍ തേന്‍ ചേര്‍ത്തുകൊടുത്താലും പനി ശമിക്കും.

ചുമ, കഫക്കെട്ട്: ആടലോടകം വാട്ടി നീരെടുത്തുകൊടുക്കുന്നത് കഫത്തിന് നല്ല ഔഷധമാണ്. ഇതിന്റെ കയ്പ് മാറ്റാന്‍ അല്പം തേന്‍ ചേര്‍ത്താല്‍ മതി.

വയറിളക്കം: ചുക്കുവെള്ളം കുടിച്ചാല്‍തന്നെ വയറിന്റെ പ്രശ്‌നങ്ങള്‍ അകലും. ഇനി വയറിളക്കം വന്നാല്‍ ചുവന്നുള്ളിനീരും തേനും ചേര്‍ത്ത് കൊടുത്താല്‍ മതി. വയറുവേദനയ്ക്ക് മുത്തങ്ങക്കിഴങ്ങ് മോരില്‍ തിളപ്പിച്ച് നല്‍കാം.

ദഹനക്കുറവ്: രണ്ടു വയസ്സൊക്കെയെത്തുമ്പോള്‍ ദഹനക്കുറവ് പതിവു രോഗമാകാം. കുട്ടികള്‍ക്ക് ദഹനേന്ദ്രിയം ശക്തിപ്രാപിക്കാത്തതാണ് അസുഖങ്ങള്‍ കൂടാന്‍ കാരണം. അതുകൊണ്ട് ചോറു കൊടുത്താല്‍ കുറച്ച് അഷ്ടചൂര്‍ണംകൂടി കഴിക്കാന്‍ ശീലിപ്പിക്കുക. ഊണുകഴിഞ്ഞശേഷം അഷ്ടചൂര്‍ണം തേനില്‍ ചാലിച്ചുനല്‍കാം. അതല്ലെങ്കില്‍ നെയ്യില്‍ ചാലിച്ച് ചോറിനൊപ്പംതന്നെ കഴിക്കാം. ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഉത്തമ ഔഷധമാണിത്. പുളച്ചുതികട്ടല്‍ വന്നാല്‍ മോര് നല്‍കിയാല്‍ മതി. കറിവേപ്പിലയിട്ട് തിളപ്പിച്ച് നല്‍കണമെന്നുമാത്രം.

ചര്‍മരോഗങ്ങള്‍: മഴക്കാലത്തെ ചര്‍മരോഗങ്ങള്‍ അകറ്റാന്‍ വെന്ത വെളിച്ചെണ്ണയോ, നാല്പാമരാദി വെളിച്ചെണ്ണയോ പുരട്ടി കുളിപ്പിച്ചാല്‍ മതി. ചിരകിയ തേങ്ങ പിഴിഞ്ഞെടുത്ത് മൂപ്പിച്ചു കിട്ടുന്നതാണ് വെന്ത വെളിച്ചെണ്ണ.
avatar
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

View user profile http://ambadi.forumarabia.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum